മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് ജൂലൈ ഒന്ന് മുതൽ പാസ്പോർട്ട്, അനുബന്ധ കോൺസുലർ സേവനങ്ങൾ എന്നിവക്ക് ചെലവേറും. കേന്ദ്ര സർക്കാർ പാസ്പോർട്ട് നിരക്കുകളിൽ വരുത്തിയ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് മസ്‌കത്തിലെ ഇന്ത്യൻ എംബസി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. സാധാരണ 36 പേജുകളുള്ള പാസ്പോർട്ട് പുതുക്കുന്നതിന് ഇനി മുതൽ 53.750 റിയാൽ നൽകേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടുതൽ പേജുകളുള്ള 60 പേജിന്റെ ജംബോ പാസ്പോർട്ടിന് 72.600 റിയാലാണ് പുതിയ നിരക്ക്. ഈ തുകയിൽ പാസ്പോർട്ട് ഫീസ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിഹിതം, ഇന്ത്യൻ കമ്മ്യൂണിറ്റി അസിസ്റ്റൻസ് സെന്ററിന്റെ സർവീസ് ചാർജ് എന്നിവയും ഉൾപ്പെടുന്നുണ്ട്. ജൂലൈ 1 മുതലോ അതിനു ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്ക് ഈ മാറ്റം ബാധകമായിരിക്കും.
പുതുക്കിയ പാസ്പോർട്ട് ഫീസുകൾ ഇന്ത്യൻ എംബസി പുറത്തിറക്കി
