ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും യൂട്യൂബിൽ സൗജന്യമായി കാണാം

ഡൽഹി: ബ്രസീലിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷവാർത്തയുമായി പ്രമുഖ യൂട്യൂബ് ചാനൽ രംഗത്ത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും ബ്രസീലില്‍ യൂട്യൂബിലൂടെ പൂർണ്ണമായും സൗജന്യമായി കാണാൻ അവസരമൊരുക്കുമെന്ന് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്പോർട്സ് മീഡിയ സ്ഥാപനമായ ‘കാസെ ടിവി’യാണ് പ്രഖ്യാപിച്ചത്. ബ്രസീലിയൻ സ്പോർട്സ് മീഡിയ കമ്പനിയായ ‘ലൈവ് മോഡിൽ’ റൊണാള്‍ഡോ അടുത്തിടെ വൻ നിക്ഷേപം നടത്തിയിരുന്നു. ഈ കമ്പനി പ്രമുഖ യൂട്യൂബ് പ്ലാറ്റ്‌ഫോമായ ‘കാസെ ടിവി’-യുമായി ചേർന്നാണ് ലോകകപ്പ് മത്സരങ്ങൾ ബ്രസീലില്‍ സൗജന്യമായി സ്ട്രീം ചെയ്യുന്നത്. ബ്രസീലിയൻ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേൽ 2022-ൽ ലൈവ് മോഡുമായി ചേർന്നാണ് കാസെ ടിവി ആരംഭിച്ചത്. ഇത്തവണത്തെ ലോകകപ്പിലെ 104 മത്സരങ്ങളും 4K ദൃശ്യ മികവോടെ ബ്രസീലില്‍ സൗജന്യമായി സംപ്രേഷണം ചെയ്യുമെന്നാണ് കാസെ ടിവി വ്യക്തമാക്കുന്നത്. കൂടാതെ മത്സരങ്ങളുടെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ, പ്രത്യേക പരിപാടികളും, യുവതലമുറയെ ആകർഷിക്കുന്ന ഇന്‍റാറാക്ടീവ് സെഷനുകളും ഉണ്ടാവും.

ബ്രസീലില്‍ യൂട്യൂബിൽ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി ലഭ്യമാകുമെങ്കിലും ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഇത് നേരിട്ട് ആസ്വദിക്കാൻ കഴിയില്ല എന്നതാണ് ഇതിലെ പ്രധാന പോരായ്മ. ഈ സൗജന്യ സംപ്രേഷണം ബ്രസീലിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കാസെ ടിവിയും അതിന്‍റെ മാതൃ കമ്പനിയായ ലൈവ് മോഡും ഫിഫയിൽ നിന്ന് ലോകകപ്പിന്‍റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബ്രസീലിന് വേണ്ടി മാത്രമാണ്. അതിനാൽ ഇന്ത്യയിലിരുന്ന് യൂട്യൂബിലോ ട്വിച്ചിലോ ഈ ചാനൽ തുറന്നാലും ലൈവ് മാച്ചുകൾ ലഭ്യമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *