ദുബായ് : കടുത്ത വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസംനൽകിക്കൊണ്ട് ദുബായ് പോലീസിന്റെ നേതൃത്വത്തിൽ ഷേഡ് ആൻഡ് റിവാർഡ്’ സംരംഭം പുരോഗമിക്കുന്നു. പോലീസ് സ്റ്റേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ്, ‘താങ്ക് യു ഫോർ യുവർ ഗിവിങ്’ സന്നദ്ധതസംഘം എന്നിവയുമായി സഹകരിച്ചാണ് സാമൂഹികസംരംഭം ആരംഭിച്ചത്. ഐക്യദാർഢ്യം, സഹിഷ്ണുത, ദാനധർമ്മ സംസ്കാരം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
വേനൽക്കാലത്തുടനീളം സംരംഭംനടപ്പാക്കാനാണ് തീരുമാനം. തൊഴിലാളികളുടെ ജീവിത നിലവാരമുയർത്തുകയും സാമൂഹിക ഐക്യം ദൃഢമാക്കുകയുംചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഷേഡ് ആൻഡ് റിവാർഡ് സംരംഭമെന്ന് പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ചെയർപേഴ്സൺ ഫാത്തിമ അഹമ്മദ് ബുഹജീർ പറഞ്ഞു. കുട, തണുത്ത ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ ചൂടിനെ പ്രതിരോധിക്കാനുള്ള വസ്തുക്കൾ തൊഴിലാളികൾക്കായി വിതരണംചെയ്യുന്നുണ്ട്.
