പരാതിയില്‍ നടപടി എടുക്കുന്നില്ല; കോടതിയെ സമീപിച്ച് നടി അന്‍സിബ

കൊച്ചി: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. പരാതിയില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് പരാതി. വിഷയത്തില്‍ ശ്വേത മേനോന്റെ പങ്ക് അന്വേഷണിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഈ മാസം ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും.

പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ ജില്ലാ പൊലീസ് മേധാവിക്കും അന്‍സിബ പരാതി നല്‍കിയിരുന്നു. ലക്ഷ്മിപ്രിയക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കിയ ശേഷം പാലാരിവട്ടം എസ്എച്ച്ഒയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അന്‍സിബ പറഞ്ഞിരുന്നു. തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതല്‍ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. വീഡിയോ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും പറഞ്ഞു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്എച്ച്ഒ ഒരുക്കി നല്‍കുന്നതെന്നും അന്‍സിബ ആരോപിച്ചിരുന്നു. എസ്എച്ച്ഒയുടെ നടപടി മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അന്‍സിബ പറഞ്ഞിരുന്നു.

അതേസമയം വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും വര്‍ഗീയ അധിക്ഷേപം നടത്തിയതിനുമാണ് കേസ്. ടിനി ടോമിനെതിരെ കേസെടുക്കാന്‍ എറണാകുളം മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂട വെളിപ്പെടുത്തല്‍ നടത്തിയ ശേഷമായിരുന്നു അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *