മാസങ്ങൾക്ക് ശേഷം ഷെയ്ൻ നി​ഗം ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്

കാത്തിരിപ്പിനൊടുവിൽ നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം ബൾട്ടി ഒടിടിയിലേക്ക് എത്തുന്നു. ജൂലൈ 10 മുതൽ ബൾട്ടി സ്ട്രീമിങ് ആരംഭിക്കും. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് ബൾട്ടിക്കായി സംഗീതം ഒരുക്കുന്നത്. സായിയുടെ സംഗീതത്തിനും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവരാണ് ഈ സ്പോർട്സ് ആക്ഷൻ ചിത്രം നിർമിച്ചത്.

കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഷെയിനിനൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി, അൽഫോൺസ് പുത്രൻ, സെൽവരാഗവൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്. ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷം സന്തോഷ്‌ ടി കുരുവിള നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബൾട്ടി. ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും സാങ്കേതിക വിദഗ്ദരും എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *