‘മഹാരാജ ഹോസ്റ്റല്‍’ സിനിമയിലെ ‘ചുതാട്ടമോ’ ഗാനം പുറത്ത്

സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റല്‍’ എന്ന സിനിമയിലെ ‘ചുതാട്ടമോ എന്ന ഗാനം പുറത്ത്. അശ്വിന്‍ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്ണു എം നായര്‍ ആണ് ഗാനരചന. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. ചിത്രം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.

‘മാഗ്‌നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ചിത്ര നായര്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

ഹൊററും കോമഡിയും ചേര്‍ത്തുവെച്ച ചിത്രം ഏവരേയും ആവോളം ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയിരുന്ന ടീസര്‍ സൂചന നല്‍കിയിട്ടുണ്ട്. ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *