കൊച്ചി: നടൻ ടിനി ടോം തനിക്കെതിരെ വിദ്വേഷപരാമർശം നടത്തിയെന്ന നടി അൻസിബ ഹസന്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവുകളുടെ അഭാവത്താൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.
അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രതിസന്ധിയുടെ തുടക്കം തന്നെ ടിനി ടോമും അൻസിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളും പ്രശ്നങ്ങളും ആയിരുന്നു. തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു മതത്തിന്റെ ആളാക്കി ചിത്രീകരിക്കുകയും ടിനി ടോ ചെയ്തതായി നീനാ കുറുപ്പ് പറഞ്ഞു എന്നുള്ളതാണ് ഹൻസിബയുടെ പരാതിയുടെ അടിസ്ഥാനം. കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് സെൻട്രൽ എ സി പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മറ്റൊരാൾ പറഞ്ഞു കേട്ടതാണ് പരാതിയുടെ അടിസ്ഥാനം. അതുപ്രകാരം കേസെടുക്കാൻ ആകില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
