കോഴിക്കോട്: പത്തുവയസിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്‌കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്‌പൈൻ സെന്റർ വിഭാഗം മേധാവി ഡോ. വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘമാണ് അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടക്കുന്നത്.
പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ ചെറിയ മുറിവുകളിലൂടെ നട്ടെല്ലിന്റെ ഘടന ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സാരീതി ഉപയോഗിച്ചാണ് ചരിത്രനേട്ടം കൈവരിച്ചത്. പത്ത് വയസിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഏർലി ഓൺസെറ്റ് സ്‌കോളിയോസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ചികിത്സ അതീവ സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. നട്ടെല്ലിന്റെ അമിതമായ വളവ് മൂലം കുട്ടികളുടെ നെഞ്ച്, ഹൃദയം, ശ്വാസകോശം എന്നിവയുടെ സ്വാഭാവിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്.
