ജയിലിലായാല്‍ മന്ത്രിസ്ഥാനം തെറിക്കും; ഭരണഘടന ഭേദഗതി ജെപിസി അംഗീകരിക്കും

ന്യൂഡല്‍ഹി: ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായി 30 ദിവസം തുടര്‍ച്ചയായി തടവിലാക്കപ്പെട്ടാല്‍ മന്ത്രിസ്ഥാനം നീക്കം ചെയ്യാന്‍ കഴിയുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാര്‍ലമെന്ററി കമ്മിറ്റിഅംഗീകാരം നല്‍കിയേക്കും. ഈ മാസം 20ന് ആരംഭിക്കാന്‍ സാധ്യതയുള്ള പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് ജെപിസി ഇതിന് അംഗീകാരം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, അല്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മന്ത്രിമാര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 30 ദിവസം തുടര്‍ച്ചയായി അറസ്റ്റിലായി കസ്റ്റഡിയില്‍ തടവിലാക്കപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്നതാണ് ബില്‍. ബില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത കണക്കിലെടുത്ത് പ്രതിപക്ഷം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തതായി ആരോപണവിധേയനായ മന്ത്രി അറസ്റ്റിലാവുകയും 30 ദിവസം തുടര്‍ച്ചയായി തടവിലാക്കപ്പെടുകയും ചെയ്താല്‍ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടന (130ാം ഭേദഗതി) ബില്‍, 2025. മന്ത്രിമാര്‍ക്കെതിരെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവര്‍ണ്ണര്‍ക്കോ നടപടി സ്വീകരിക്കാം. അല്ലെങ്കില്‍ 31-ാം ദിവസം സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടും. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ കാര്യത്തില്‍ അതാത് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കോ രാഷ്ട്രപതിക്കോ തീരുമാനമെടുക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ പാര്‍ലമെന്ററി പാനല്‍ ഇത് പരിശോധിക്കാന്‍ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ ആശങ്കകള്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാര്‍ ജെപിസി നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ബില്‍ ജനാധിപത്യവിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ശിക്ഷിക്കപ്പെട്ടാല്‍ നടപടി എടുക്കുന്നതിന് പകരം കസ്റ്റഡി അടിസ്ഥാനമാക്കി പൊതുപ്രതിനിധികളെ ശിക്ഷിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ 30 ദിവസത്തിനുള്ളില്‍ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാമെന്നതിനാല്‍ ഇത് നീതിന്യായ വ്യവസ്ഥകള്‍ ലംഘിക്കുന്നില്ലെന്നാണ് ഭരണപക്ഷത്തിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *