തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ലീഗിനെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കൊക്കിൽ ജീവനുള്ള കാലത്തോളം തങ്ങളുടെ കൈകൊണ്ട് പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് ബിജെപി നേതാവ് സുരേന്ദ്രന്റെ മുഖത്ത് നോക്കി പറയാൻ എന്തേ മുസ്ലീം ലീഗിനും ലീഗിന്റെ മന്ത്രിമാർക്കും ധൈര്യം വരാത്തത് എന്നായിരുന്നു ജലീലിന്റെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എൽ.ഡി.എഫ് മരവിപ്പിച്ച പദ്ധതി ആരെ ഭയന്നാണ് കേരളത്തിൽ യു.ഡി.എഫ് നടപ്പിലാക്കുന്നത്? പിണറായി വിജയനെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചതും, മുസ്ലിങ്ങൾക്കിടയിൽ പി.എം. ശ്രീയുടെ പേരിൽ എൽ.ഡി.എഫ് സർക്കാരിനെതിരെ പച്ചവർഗീയത പ്രചരിപ്പിച്ചതും ലീഗ് ഇത്ര പെട്ടെന്ന് മറന്നോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത് പ്രാവർത്തികമാക്കാനല്ലേ ജനങ്ങൾ യു.ഡി.എഫിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? പ്രതിപക്ഷത്താകുമ്പോൾ പറയുന്നത് ഭരണപക്ഷത്ത് എത്തിയാൽ അവഗണിക്കാമെന്നാണോ ലീഗിന്റെ പക്ഷം?
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച വകയിൽ ലീഗിന് എത്ര കോടി കിട്ടിയെന്ന് നേതൃത്വം വ്യക്തമാക്കണം. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി സ്വകാര്യ കമ്പനിക്ക് വിറ്റ വകയിൽ ലീഗിന് കിട്ടിയ പങ്ക് പാർട്ടിക്കുവേണ്ടി ആരാണ് കൈപ്പറ്റിയത്? പി.എം. ശ്രീ നടപ്പിലാക്കാൻ ഏതൊക്കെ നേതാക്കളുടെ കള്ളപ്പണ ഇടപാടുകളിലെ അന്വേഷണം മരവിപ്പിക്കാമെന്നാണ് നരേന്ദ്ര മോദി ഉറപ്പുനൽകിയത്? ശേഷാദ്രിനാഥ് എന്ന കട്ട സംഘിയെ കേരളത്തിലെ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് ആരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണെന്ന് പരസ്യപ്പെടുത്താൻ ലീഗിന് ബാധ്യതയില്ലേ എന്നും ജലീലിൽ ചോദിച്ചു.
