ന്യൂജേഴ്സി: ക്വാർട്ടർ ഉറപ്പിക്കാൻ ലാറ്റിനമേരിക്കൻ കരുത്തരായ ബ്രസീൽ ഇറങ്ങുന്നു. നോർവെയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീലിനെതിരെ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് നോർവെ ഇന്ന് കളിക്കാനിറങ്ങുന്നത്. 1998 ൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിനെ നോർവേ തോൽപ്പിച്ചത്. അത് കൂടാതെ നടന്നിട്ടുള്ള മൂന്ന് മത്സരങ്ങളിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കാനും നോർവെയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണയും ബ്രസീലിനെ പൂട്ടാമെന്ന പ്രതീക്ഷയിലാണ് ഹാളണ്ടും സംഘവും എത്തുന്നത്. ടീമിന്റെ പ്രകടനത്തിൽ പലപ്പോഴും സ്ഥിരതയില്ലെങ്കിലും പരിശീലകൻ കാർലോ ആഞ്ചലോട്ടിയിൽ തന്നെയാണ് ബ്രസീൽ ആരാധകർ വിശ്വാസമർപ്പിക്കുന്നത്. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ വിനീഷ്യസും ഹാളണ്ടും പട്ടികയിലുണ്ട്. അഞ്ച് ഗോളുകളുമായി ഹാളണ്ടും 4 ഗോളുകളുമായി വിനീഷ്യസും കടുത്ത പോരാട്ടം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. വിനീഷ്യസ്- ഹാളണ്ട് പോരിനപ്പുറം ഗബ്രിയേൽ- ഹാളണ്ട് പോരാട്ടത്തിന് കൂടിയാണ് ന്യൂജഴ്സി സാക്ഷിയാവാൻ പോകുന്നത്. പ്രീമിയറിൽ ലീഗിൽ ആഴ്സണലിന്റെ സെന്റർ ബാക്കായ ഗബ്രിയേലിന്റെ സീസണലിടനീളമുള്ള മികച്ച പ്രകടനം ആഴ്സണലിന് ലീഗ് കിരീടം നേടികൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഹാളണ്ടും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു. പ്രീമിയർ ലീഗിൽ പലപ്പോഴും ഹാളണ്ട്- ഗബ്രിയേൽ പോരിന് ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഹാളണ്ടിനെ ഗബ്രിയേൽ പൂട്ടുമോ എന്നാണ് ഫുട്ബോൾ ആരാധകർ നാളെ ഉറ്റുനോക്കുന്നത്.
ബ്രസീലിനെതിരെ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിൽ നോർവെ
