മസ്കറ്റ്: ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിൽ വിവിധയിടങ്ങളിൽ മയക്കുമരുന്ന് കടത്തുകയും വിതരണം നടത്തുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജരായ രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ്, വിവിധതരം സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികൾ കൈവശം സൂക്ഷിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കടത്തുകയും വിതരണം നടത്തുകയും ചെയ്തുവരികയായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിൻറെ മയക്കുമരുന്ന്- സൈക്കോട്രോപിക് പദാർഥ വിരുദ്ധ ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
കുവൈത്തിലെ ഫർവാനിയ, അൽ-മുത്ല എന്നിവിടങ്ങളിൽ നടന്ന വ്യത്യസ്ത സുരക്ഷാ പരിശോധനകളിൽ പ്രാദേശികമായി നിർമ്മിച്ച മദ്യവും കഞ്ചാവും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്താൻ ഉത്തരവിട്ടു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫർവാനിയയിൽ നടന്ന പരിശോധനയിൽ പ്രാദേശികമായി നിർമ്മിച്ച 7 കുപ്പി മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തുടർന്ന് അൽ-മുത്ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും അധികൃതർ കസ്റ്റഡിയിലെടുത്തു.
