മമതയ്ക്ക് തിരിച്ചടി

ബംഗാൾ : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ മമത ബാനർജിക്ക് വലിയ വെല്ലുവിളി ഉയർത്തി വിമത വിഭാഗം പാർട്ടി ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് പാർട്ടിയുടെ ആസ്ഥാനത്ത് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചത്. ഇതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് നീങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ടതിന് പിന്നാലെ, തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നാണ് ഇവരുടെ വാദം. ഭൂരിഭാഗം എം.എൽ.എമാരുടെയും മുൻ കൗൺസിലർമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നും വിമതർ അവകാശപ്പെടുന്നു. കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിലെ 47 ഓളം മുൻ ടി.എം.സി കൗൺസിലർമാർ പങ്കെടുത്ത യോഗം നടത്തി ഋതബ്രത വിഭാഗം ഇതിനോടകം തന്നെ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്.

അതേസമയം, പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് മമത ബാനർജിയുടെ വിശ്വസ്തയും നേതാവുമായ ഡോല സെൻ വിമത എം.എൽ.എമാർക്കെതിരെ പോലീസിൽ പരാതി നൽകിയതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *