അധ്യാപകൻ ഏഴാം ക്ലാസുകാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി

ഇടുക്കി: കളിയാക്കിയെന്ന് പറഞ്ഞ് ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദിച്ചതായി പരാതി. മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടിയെന്നും ചൂരൽ കൊണ്ട് പലതവണ അടിച്ചെന്നും കുട്ടി പറയുന്നു. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം തുടങ്ങി. ചൂരലു കൊണ്ട് അടിച്ചെന്നും മറ്റ് ഒരു രീതിയിലും മർദിച്ചിട്ടില്ല എന്നുമാണ് അധ്യാപകൻറെ വിശദീകരണം. സംഭവം അന്വേഷിക്കുമെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. തമിഴ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിയെ അധ്യാപകൻ ശിവകുമാർ മർദ്ദിച്ചെന്നാണ് പരാതി. വടി ഒടിയുന്നതു വരെ തന്നെ അടിച്ചെന്ന് കുട്ടി പറഞ്ഞു. മകൻ വേദനിച്ചു കരയുകയായിരുന്നുവെന്നും കണ്ടപ്പോൾ വലിയ വിഷമമായെന്നും കണ്ണീരോടെ അമ്മ പറഞ്ഞു. ഉടനെ കുട്ടിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി. ഡോക്ടർ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *