തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി യൂത്ത് കോൺഗ്രസ് നേതാക്കളായ എ ഡി തോമസ് എംഎൽഎയ്ക്കും അജയ് ജുവൽ കുര്യാക്കോസിനും ഇന്നും സമയം അവദിച്ചില്ല. ഇരുവരും കൂടിക്കാഴ്ച്ച ഉപേക്ഷിച്ചു മടങ്ങി. ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗണ്മാൻമാർ മർദിച്ച കേസിൽ ADGP അജിത്കുമാറിനെതിരായ നടപടി വൈകുന്നതിൽ മുഖ്യമന്ത്രിയെ കാണാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്.
ഇന്നലെ ഇരുവരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ കൂടികാഴ്ചയ്ക്കായുള്ള സമയം അനുവദിച്ചിരുന്നില്ല. ഇന്ന് മണ്ഡലത്തിൽ എത്തുമ്പോൾ കാണാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ എ ഡി തോമസ് എംഎൽഎയും അജയ് ജുവൽ കുര്യാക്കോസും ഇന്ന് എറണാകുളത്തേക്ക് വരാനായി തയ്യാറെടുത്തെങ്കിലും ഇന്ന് ഉച്ചവരെ ഏത് സമയത്ത് കാണാം എന്ന കാര്യത്തിൽ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ വിവരം നൽകിയില്ല. പലപ്പോഴായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് സമയമില്ലെന്നും കൂടിക്കാഴ്ച മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാമെന്നും അറിയിപ്പ് ലഭിച്ചത്.
കെഎസ്‌യുവിന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴാണ് ഗണ്മാൻമാരുടെ മർദനത്തിന് എ ഡി തോമസ് എംഎൽഎ ഇരയാകുന്നത്. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവർത്തന കേസിൽ എസ്ഐടി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മർദനമേറ്റ എ ഡി തോമസും അജയ് ജൂവൽ കുര്യാക്കോസും സർക്കാർ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്. എസ് ഐ ടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകുന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരുവരും.
