വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനേക്കാൾ വലിയ അംഗീകാരമില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

സെക്രട്ടേറിയറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തും ആഴ്ച്ച തോറും മാധ്യമ സമ്മേളനങ്ങൾ നടത്തിയും സുതാര്യമായ ഭരണശൈലിയാണ് ഉമ്മൻ ചാണ്ടി കാഴ്ചവെച്ചിരുന്നത്. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുതാര്യതയുടെയും തെളിവായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓരോ നടപടിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ വെച്ച് കല്ലേറുണ്ടായി പരിക്കേറ്റപ്പോൾപോലും തന്നെ ആക്രമിച്ചവർക്കെതിരേ നടപടി വേണ്ടെന്നുവെച്ച ഉമ്മൻ ചാണ്ടിയുടെ നിലപാട് അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ അടയാളമാണ്..

തനിക്ക് പരിക്കേറ്റാലും പ്രതിഷേധിക്കുന്നവരെ പ്രതികാര ബുദ്ധിയോടെ കാണരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയെക്കാൾ കരുത്തനാണ് മരിച്ചുപോയ ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ലഭിക്കുന്ന ജനപിന്തുണയും സ്‌നേഹവും ഇതിന് തെളിവാണ്. ഉമ്മൻ ചാണ്ടിക്കായി കേവലം മന്ദിരങ്ങൾ മാത്രമല്ല, വരുംതലമുറയ്ക്ക് പഠിക്കാനും ഗവേഷണം നടത്താനും സഹായിക്കുന്ന രീതിയിലുള്ള സ്മാരകങ്ങൾ സർക്കാർ മുൻകൈയെടുത്ത് നിർമിക്കണമെന്നും കെ.സി വേണു​ഗോപാൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *