മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇംഗ്ലണ്ട് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ താരവുമായിരുന്ന കെവിന്‍ കീഗന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുമാരില്‍ ഒരാളായിരുന്നു കെവിന്‍ കീഗന്‍. ‘ബാലന്‍ ദ്യോർ’ പുരസ്‌കാരം തുടര്‍ച്ചയായി രണ്ട് തവണ (1978, 1979) സ്വന്തമാക്കിയ അപൂര്‍വ്വം കളിക്കാരില്‍ ഒരാളാണ്.
ലിവര്‍പൂള്‍, ഹാംബര്‍ഗ്, ന്യൂകാസില്‍ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അദ്ദേഹം ലിവര്‍പൂളിനൊപ്പം നിരവധി ആഭ്യന്തര, യൂറോപ്യന്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 63 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 21 ഗോളുകള്‍ നേടിയിട്ടുണ്ട്. കൂടാതെ 31 മത്സരങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകനെന്ന നിലയിലും അദ്ദേഹം വലിയ വിജയം കൈവരിച്ചു.
ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ന്യൂകാസില്‍ യുണൈറ്റഡ്, ഫുള്‍ഹാം, മാഞ്ചെസ്റ്റര്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 1990-കളില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വലിയ പങ്കുവഹിച്ചു. കെവിന്‍ കീഗന്റെ വിയോഗത്തില്‍ ലിവര്‍പൂള്‍, ന്യൂകാസില്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളും ഫുട്‌ബോള്‍ അസോസിയേഷനും മുന്‍ സഹതാരങ്ങളും അനുശോചിച്ചു.
