യുക്രെയ്നിലെ ആഭ്യന്തര രാഷ്ട്രീയ-സൈനിക തലങ്ങളിൽ അഴിച്ചുപണി

കീവ്: യുക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ-സൈനിക തലങ്ങളിൽ വൻ അഴിച്ചുപണി. പ്രതിരോധമന്ത്രിക്ക് പിന്നാലെ യുക്രയ്നിന്റെ സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കിയെയും പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പുറത്താക്കി. നേരത്തെ ജനപ്രിയനായ പ്രതിരോധമന്ത്രി മിഖൈലോ ഫെഡോറോവിനെ സെലൻസ്‌കി പുറത്താക്കിയിരുന്നു. സെലൻസ്കിയുടെ നടപടിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ്‌ സൈനിക മേധാവിയേയും പുറത്താക്കുന്നത്. ജനറൽ മൈക്കയ്‌ലോ ദ്രപതി ആണ് യുക്രെയ്ന്റെ പുതിയ സൈനിക മേധാവി.

മിഖൈലോയുടെ സ്ഥാനചലനത്തിന് കാരണം അദ്ദേഹവും സൈനികമേധാവിയും തമ്മിലുള്ള അഭിപ്രായഭിന്നതയാണെന്ന് റിപ്പോർട്ടുകളുണ്ട്.
പ്രതിരോധ മന്ത്രാലയത്തിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരികയും അഴിമതിക്കെതിരെ കർശന നടപടിയെടുക്കുകയും ചെയ്ത 35-കാരനായ ഫെഡോറോവിനെ മാറ്റിനിർത്തിയത് രാജ്യത്തുടനീളം വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പഴയ സോവിയറ്റ് രീതിയിലുള്ള സൈനിക നയങ്ങൾ പിന്തുടരുന്ന വ്യക്തിയായാണ് 60-കാരനായ സിർസ്കിയെ ഭൂരിഭാഗം പേരും നോക്കിക്കാണുന്നത്. “രണ്ട് വർഷം മുമ്പ് പ്രതിരോധത്തിലായിരുന്ന നമ്മുടെ സൈന്യം ഇന്ന് ശക്തമായ പ്രത്യാക്രമണത്തിലാണ്. മുന്നേറ്റം തുടരുന്ന ഒരു സൈന്യത്തെയാണ് ഞാൻ എന്റെ പിൻഗാമിക്ക് കൈമാറുന്നത്’-സ്ഥാനമൊഴിഞ്ഞ സിർസ്കി പ്രതികരിച്ചു.

റഷ്യൻ അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ തലസ്ഥാനമായ കീവ് സംരക്ഷിക്കുന്നതിൽ സിർസ്കി വഹിച്ച പങ്കിന് സെലൻസ്കി നന്ദി അറിയിച്ചു. പുതിയ സൈനിക മേധാവിയായി ചുമതലയേൽക്കുന്ന ദ്രപതി, രാജ്യത്തിനായി പൊരുതുന്ന ഓരോ സൈനികനെയും ബഹുമാനിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. നിയമനത്തെ സ്വാഗതം ചെയ്ത മുൻ പ്രതിരോധ മന്ത്രി ഫെഡോറോവ്, ഇത് സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിലെ പുതിയ പ്രതീക്ഷ യാണെന്ന് വിശേഷിപ്പിച്ചു. സെക്യൂരിറ്റി സർവീസ് ഓഫ് ഉക്രെയ്ൻ മുൻ ഉന്നത ഉദ്യോഗസ്ഥനായ യെവ്ഹെനി ഖ്മാര ആണ് പുതിയ പ്രതിരോധ മന്ത്രി. ഫെഡോറോവിന് മറ്റ് പ്രധാനപ്പെട്ട സ്ഥാനങ്ങൾ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സെലൻസ്കി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *