ഡോ റാമിന്റെ അറസ്റ്റിലെ വീഴ്ച: പൊലീസ് ഉദ്യോഗസ്ഥർക്ക് വിമർശനം; ചുമതല ഓര്‍മിപ്പിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതി ഡോ എം കെ റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ കുടഞ്ഞ് ഹൈക്കോടതി. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച സംഭവിച്ചുവെന്ന് ഡിവൈഎസ്പിയോട് കോടതി ചോദിച്ചു. വെറുതെ അച്ചടക്കനടപടി വിളിച്ചുവരുത്തരുതെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

അന്വേഷണ ഉദ്യോഗസ്ഥനായ സുധീര്‍ കല്ലനെ അടുത്തേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് കേസ് പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യങ്ങളും ശകാരങ്ങളും ഉയര്‍ത്തിയത്. ‘സുധീര്‍ കല്ലന്‍ ഡിവൈഎസ്പി ആയിട്ട് എത്ര കൊല്ലമായി, ഡിവൈഎസ്പിയായിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തു, പത്തില്‍ ഒമ്പതിലും വീഴ്ചയില്ല. ഡോ. റാമിന്റെ അറസ്റ്റില്‍ മാത്രം എങ്ങനെ വീഴ്ച പറ്റി, അറസ്റ്റിലെ നിയമനടപടി ക്രമങ്ങള്‍ അറിയില്ലേ, പ്രതിയെ അറസ്റ്റ് ചെയ്ത കാരണങ്ങള്‍ അറിയിക്കാത്തത് മനഃപൂര്‍വമാണോ’ എന്നായിരുന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയോട് സിംഗിള്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍. തൂഫാന്‍ ഉള്‍പ്പെടെയുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആഭ്യന്തരവകുപ്പിന്റെ ശോഭ കെടുത്താനാണോ ശ്രമം എന്നും സുധീര്‍ കല്ലനോട് ഹൈക്കോടതി ചോദിച്ചു. ‘കോടതിയും നീതിയും അന്യം നിന്ന് പോയിട്ടില്ല. പൊലീസ് വിചാരിച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാനാവില്ല. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഉണ്ടാക്കിയല്ല അന്വേഷണം നടത്തേണ്ട’തെന്നും അന്വേഷണ ഉദ്യോഗസ്ഥരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് ഹൈക്കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *