കഠിനദിനങ്ങൾ പങ്കുവെച്ച് ജാസ്മിൻ ഭാസിൻ

ഡൽഹി : അടുത്തിടെയാണ് നടി ജാസ്മിൻ ഭാസിന് ടെർമിനൽ ഇലൈറ്റിസ് എന്ന രോഗാവസ്ഥ ബാധിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. പിറന്നാൾ ആഘോഷിക്കേണ്ടിയിരുന്ന ദിവസം ആശുപത്രിയിലായെന്നും പിന്നീടാണ് ടെർമിനൽ ഇലൈറ്റിസ് എന്ന അവസ്ഥയാണെന്ന് തിരിച്ചറിഞ്ഞതെന്നും ജാസ്മിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ദിവസങ്ങളിലൂടെ കടന്നുപോയതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നടി. ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമായിരുന്നു അതെന്നാണ് ജാസ്മിൻ പറയുന്നത്. ദുബായിലേക്ക് പിറന്നാൾ ആഘോഷത്തിനായുള്ള യാത്ര ഇങ്ങനെയാവുമെന്ന് കരുതിയിരുന്നില്ലെന്നും ജാസ്മിൻ പറഞ്ഞു. ദുബായിലെത്തിയയുടൻ തനിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പനിച്ചപ്പോൾ യാത്രയുടേതാകും എന്നാണ് ആദ്യം കരുതിയത്. പനികൂടിയതോടെ പാരസെറ്റാമോൾ ഇൻജക്ഷൻ നൽകിയെങ്കിലും ഭേദമായില്ല. മൂന്നുദിവസത്തോളം പനി ഒട്ടും കുറഞ്ഞില്ലെന്നും 103,104 ഡിഗ്രി പനിയാണ് ഉണ്ടായിരുന്നതെന്നും താരം ഓർ‌ക്കുന്നു. പനി ഒട്ടും കുറയാതെവന്നതോടെ ആശുപത്രിയിലെത്തിച്ചപ്പോൾ അണുബാധ പരിശോധിക്കാനുള്ള സിആർപി ടെസ്റ്റ് ചെയ്തു. അപ്പോഴാണ് അണുബാധ വളരെ അപകടകരമായ അവസ്ഥിയിലെത്തിയെന്നു തിരിച്ചറിഞ്ഞത്. പൂജ്യത്തിനും അഞ്ചിലും ഇടയിൽ ഉണ്ടായിരിക്കേണ്ട സിആർപി നില തനിക്ക് 323 ആയിരുന്നു. അണുബാധ ശരീരത്തിൽ കൂടുമ്പോൾ സെപ്സിസ് ഉണ്ടാവുകയും ശരീരമാകെ വ്യാപിക്കുകയും ചെയ്യും. തുടർന്നു മൂന്നുദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞതിനുശേഷമാണ് ഇന്ത്യയിലേക്കു തിരിച്ചതെന്നും നടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *