ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും, വിശദമായ അന്വേഷണത്തിന് എസ്‌ഐടി

കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് എസ്‌ഐടി നീക്കം. 2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും വിവരമുണ്ട്. പി എസ് പ്രശാന്ത്, അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

2025ലെ ദ്വാരപാലക പാളി കൈമാറ്റത്തില്‍ സ്വര്‍ണക്കൊള്ള വീണ്ടും നടന്നിട്ടുണ്ട്. വൈകാതെ തന്നെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രസാന്തിനെയും മുന്‍ അംഗം അജികുമാറിനെയും എസ്‌ഐടി സംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ ഇരുവരും റിമാന്‍ഡിലാണ്. കൊല്ലം വിജിലന്‍സ് കോടതിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്. കോടതിയില്‍ ഇരുവരും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച സാഹചര്യത്തില്‍ വേണ്ട ചികിത്സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍ പങ്കാളികളാണെന്നും ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എസ്ഐടിയുടെ പരാമര്‍ശമുള്ളത്. 2019ലെ കുറ്റകൃത്യം മറച്ചുവെക്കുന്ന തരത്തില്‍ പുതിയ ബോര്‍ഡ് ഉത്തരവിറക്കിയെന്നും ശബരിമലയിലെ സ്വര്‍ണം അപഹരിക്കുന്നതിന് ഇരുവരും കൂട്ടുനിന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും പങ്കജ് ബണ്ഡാരിക്കും പണമുണ്ടാക്കാന്‍ അവസരം ഒരുക്കി. 2019ലെ അപഹരണം മറക്കാനാണ് 2025 വീണ്ടും സ്വര്‍ണം പൂശല്‍ നടത്തിയതെന്ന് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച 12 പാളികളില്‍ നാലെണ്ണത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം വേര്‍തിരിച്ചെന്നും എസ്ഐടി കണ്ടെത്തലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *