ന്യൂഡൽഹി : നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഏട്രിയൽ ഫൈബ്രിലേഷൻ. ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഈ അവസ്ഥ നിസ്സാരമാക്കിയാൽ പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീർണതകളിലേക്കും നയിക്കും. ഇന്ത്യയിൽ ഏകദേശം 80ലക്ഷംപേർ ഏട്രിയൽ ഫൈബ്രിലേഷനുമായി ജീവിക്കുന്നവരാണെന്ന് ജിബിഡി പഠനം പറയുന്നു. തങ്ങൾക്ക് ഈയവസ്ഥയുണ്ടെന്ന് തിരിച്ചറിയാത്തവരാണ് പലരുമെന്നും പഠനം പറയുന്നു.
പ്രായമായവർ കൂടുന്നതും അമിതവണ്ണക്കാർ കൂടുന്നതും ഉയർന്ന രക്തസമ്മർദവും പ്രമേഹവുമൊക്കെയാണ് ഏട്രിയൽ ഫൈബ്രിലേഷൻ കൂടാൻ കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്. മുമ്പത്തേതിനേക്കാൾ ഏട്രിയൽ ഫൈബ്രിലേഷൻ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന് അടുത്തിടെ ഡെന്മാർക്കിലെ ആൽബോർഗ് സർവകലാശാലയിൽ നിന്നുള്ള നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയായവരിൽ നാലിലൊന്നുപേരെ മാത്രമേ ഈ അവസ്ഥ ബാധിക്കാറുള്ളൂവെന്ന മുൻധാരണകളെ തിരുത്തുന്നതായിരുന്നു ആ പഠനം.
