തിരുവനന്തപുരം: ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 സംബന്ധിച്ച മേഖലാതല ശില്പശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം, വഴുതക്കാട് ശ്രീമൂലം ക്ലബ്ബിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസന അജണ്ടയിൽ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ് ശാസ്ത്രീയ മാലിന്യ നിർമാർജ്ജനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
വ്യക്തിശുചിത്വത്തിനപ്പുറം സാമൂഹിക ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്തമായി മാറണം. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളിൽ മാറ്റമുണ്ടാകണം. സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വന്നാലേ കേരളത്തെ യഥാർഥ അർഥത്തിൽ ഹരിതകേരളമാക്കി മാറ്റാൻ കഴിയൂ.
