ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ സിസ്റ്റത്തിൽ നിന്ന് 1TB (ടെറാബൈറ്റ്) സെൻസിറ്റീവ് ഡാറ്റ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ആധാർ നമ്പറുകൾ, സേവിംഗ്സ് – കറന്റ് അക്കൗണ്ട് വിവരങ്ങൾ, ലോൺ വിവരങ്ങൾ, നെറ്റ് ബാങ്കിംഗ് യൂസർ ഡീറ്റെയിൽസ്, എൻആർഐ – കോർപ്പറേറ്റ് ബാങ്കിംഗ് സേവന റെക്കോർഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോർട്ടുകൾ, വിജിലൻസ് അന്വേഷണങ്ങൾ, ബ്രാഞ്ച് – എടിഎം സംബന്ധമായ റെക്കോർഡുകൾ എന്നിവയും ചോർന്നതായാണ് വിവരം.
TripleX എന്നറിയപ്പെടുന്ന ഒരു ഹാക്കിംഗ് ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഇൻഡോനേഷ്യയിലെ ഒരു വലിയ ബാങ്കിലും ഇവർ സമാനമായ രീതിയിൽ ആക്രമണം നടത്തിയിരുന്നു.ചോർന്ന ഡാറ്റ ഡാർക്ക് വെബിൽ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. ബാങ്ക് ഓഫ് ബറോഡ ഈ ഡാറ്റ ചോർച്ചയെക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണ്. ബാങ്ക് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
