സാമൂഹിക പ്രവര്‍ത്തകനായ ആല്‍ബിന്‍ മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതി

ആലപ്പുഴ: സാമൂഹിക പ്രവര്‍ത്തകൻ ആല്‍ബിന്‍ മാത്യുവിനെതിരെ ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ പുന്നപ്രയിലുള്ള ആല്‍ബിന്റെ ശാന്തി ഭവന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതി നൽകിയത്. ലൈംഗിക ചേഷ്ടയോടെ ആല്‍ബിന്‍ മാത്യു അപമാനിച്ചതായാണ് പരാതി. സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആല്‍ബിന്‍ മാത്യു തന്നോട് ലൈംഗിക കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇതേപ്പറ്റി മാനേജറോട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും യുവതി പറയുന്നു. നേരത്തെ ഗുണ്ടയായിരുന്ന ആൽബിൻ മാത്യും പിന്നീട് സാമൂഹ്യ പ്രവർത്തനത്തിലേയ്ക്ക് തിരിയുകയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി ആല്‍ബിന്റെ ശാന്തി ഭവനില്‍ ജോലിക്ക് എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആല്‍ബിന്‍ മാത്യു നിരവധി തവണ ലൈംഗിക ചേഷ്ടയോടെ സംസാരിച്ചതായാണ് യുവതി പറയുന്നത്. ഇതേപ്പറ്റി മാനേജറോട് പരാതിപ്പെട്ടപ്പോള്‍ തനിക്കെതിരെ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. ആല്‍ബിന്‍ മാത്യു മോശമായി പെരുമാറിയതിന്റെ വീഡിയോ തന്റെ കൈവശമുണ്ട്, പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ആല്‍ബിന്‍ മാത്യു ഒരു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ പുന്നപ്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് കൊലപാതക കേസുകളില്‍ അടക്കം പ്രതിയായിരുന്നു ആല്‍ബിന്‍ മാത്യു. ഇറച്ചി ആല്‍ബിന്‍ എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ജയിലില്‍ കഴിയുന്നതിനിടെ സ്വാതന്ത്ര്യ ദിനത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു ഇയാള്‍ക്ക് മോചനം ലഭിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പായിരുന്നു ഇത്. ജയില്‍ മോചിതനായ ശേഷം ആല്‍ബിന്‍ മാത്യു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു. ആല്‍ബിന്‍ മാത്യുവിന്റെ സ്ഥാപനത്തിന് പുറത്തുനിന്ന് വലിയ അളവില്‍ ഫണ്ട് ലഭിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ലൈംഗികാധിക്ഷേപ പരാതിയും ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *