തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസിന്റെ ക്രൂരമർദ്ദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്നും ജീപ്പിൽ കയറ്റുമ്പോൾ തന്നെ പൊലീസ് മർദനം തുടങ്ങിയിരുന്നുവെന്നും ഭാര്യയുടെ പരാതിയിലുണ്ട്.
അയൽവാസിയായ 13 കാരനെ കാണാനില്ലെന്ന പരാതിയിലാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സിയാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17-ന് പുലർച്ച വരെ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നു. കാണാനില്ലെന്ന് കരുതിയ കുട്ടി പിറ്റേന്ന് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പൊലീസ് വിട്ടയച്ചത്.
തനിക്ക് പൊലീസിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റതായി സിയാദ് ഭാര്യയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. ശരീരമാസകലം മർദ്ദനമേറ്റതിന്റെ കഠിന വേദനയുമായാണ് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വാരിയെല്ല് തകർന്ന് ഇൻഫെക്ഷനായത് കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കർശന നടപടികളിലൂടെ എത്രയും പെട്ടെന്ന് മുഴുവൻ കുറ്റവാളികളേയും നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
