‘വാർഡ് കമ്മിറ്റിയുടെ ചുമതല പോലും അഖിൽ മാരാർക്ക് നൽകിയിട്ടില്ല’; പ്രതികരണവുമായി സാബു ജേക്കബ്

കൊച്ചി: അഖിൽ മാരാർക്ക് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമോ അംഗത്വമോ ഉണ്ടായിരുന്നില്ലെന്നും ഒരു തിരഞ്ഞെടുപ്പ് സ്ഥാനാർഥി എന്നതിൽ ഉപരിയായി വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ലെന്നും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു ജേക്കബ്. കൊല്ലം ജില്ലയുടെ ചുമതല പോലുള്ള അഖിൽ മാരാരുടെ ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും സാബു ജേക്കബ് പറഞ്ഞു.

സംവിധായകനും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ പാർട്ടി അധ്യക്ഷനായ സാബു ജേക്കബിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്വന്റി 20 വിടുന്ന കാര്യം വ്യക്തമാക്കിയത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ടു സഹകരിച്ചുപോകാനാകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് താൻ ആവശ്യപ്പെട്ടെന്നും എന്നാൽ ഇക്കാര്യത്തിലടക്കം സാബു ജേക്കബിൽ നിന്ന് മറുപടിയില്ലാതായതോടെയാണ് താൻ പാർട്ടി വിടുന്നതെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.

‘അഖിൽ മാരാർ ഓൺലൈനിൽ മെമ്പർഷിപ്പ് എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. തിരഞ്ഞെടുപ്പിന് മത്സരിച്ചുവെന്നല്ലാതെ പാർട്ടിയുടെ വാർഡ് കമ്മിറ്റിയുടെ പോലും ഔദ്യോഗിക ചുമതല അഖിൽ മാരാർക്ക് നൽകിയിട്ടില്ല. കൊല്ലം ജില്ലയുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാലും അത്തരം ആവശ്യങ്ങൾ പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതൊക്കെ സ്ഥാനാർഥികൾ എവിടെയൊക്കെ മത്സരിച്ചോ അവർ അടുത്ത അഞ്ച് വർഷം ആ മണ്ഡലത്തിൽ തന്നെ പ്രവർത്തിച്ച് പാർട്ടി വളർത്തണം എന്നാണ്. എന്നാൽ അഖിൽ കൊല്ലത്തേക്ക് പോകുകയാണെന്നും അവിടെ പ്രവർത്തിക്കാമെന്നുമാണ് പറഞ്ഞത്. കൊല്ലത്ത് നിലവിൽ പാർട്ടി സംവിധാനങ്ങൾ ഉള്ളതിനാലും പാർട്ടിയുടെ ഘടനയിൽ ജില്ലാ അധികാരി എന്ന പദവി ഇല്ലാത്തതിനാലും ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ല.’- സാബു ജേക്കബ് പറഞ്ഞു.

ഓരോ ആൾക്കാരും ഏത് പാർട്ടിയിൽ നിൽക്കണം പ്രവർത്തിക്കണം അതൊക്കെ വ്യക്തിപരമായ താത്പര്യങ്ങളാണ്. ട്വന്റി-20യുടെ ആശയത്തോട് യോജിക്കാൻ സാധിക്കാത്തതുകൊണ്ടായിരിക്കും പാർട്ടി വിടാൻ തീരുമാനിച്ചത്. പണം വാങ്ങിയോ ഒരു ശമ്പളത്തിന് ഒരു ഫാക്ടറി നടത്തുന്ന പോലെയോ അല്ലല്ലോ രാഷ്ട്രീയം. വ്യക്തിപരമായ താൽപ്പര്യങ്ങൾക്കോ പദവികൾക്കോ വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കുന്നതിനോട് പാർട്ടിക്ക് വിയോജിപ്പാണ്. പണവും അധികാരവും സ്ഥാനങ്ങളും ആഗ്രഹിച്ചിട്ട് രാഷ്ട്രീയത്തിലേക്ക് വരാൻ പാടില്ല. അങ്ങനെ വരുന്നവരൊക്കെ നിരാശപ്പെട്ട് പോവുകയാണ് ചെയ്യുന്നതെന്നും സാബു ജേക്കബ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *