ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യം ലഭിക്കാത്തതിനെതിരെ പ്രതികൾ ഹൈക്കോടതിയിലേക്ക്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹ‍ർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടാഴ്ചക്കുള്ളിൽ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവർത്തകർക്ക് കന്നത്ത തിരിച്ചടിയാണ് കോടതിയിലുണ്ടായത്.

60 ദിവസത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലിലാണ് 24 പ്രവർത്തകർ. രണ്ട് വട്ടം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളി. സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗീക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നു. അങ്ങനെ വന്നാൽ ജയലിൽ നിന്ന് ഉടനൊന്നും പുറത്തിറങ്ങാനുമാകില്ല. ഇഡിയും കേസിൽ കക്ഷി ചേർന്ന് ശക്തമായ നീക്കമാണ് കേസിൽ നടത്തുന്നത്. ഇതോടെയാണ് ആദ്യമായി പ്രതികൾ ഹൈക്കോടതിയിലേക്കെത്തിയത്. 5 ആം പ്രതി ശ്രീജിത്ത്, 7-ാം പ്രതി അനിൽകുമാർ, ഷഫീഖ്, കിരൺ, നിഷാദ് ജീവൻ അടക്കമുള്ള 7 പേർ ഇതിനകം ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതികൾക്കായി മുൻ ഡിജിപി ടിഎ ഷാജി, എജി ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനും, എസ് രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരാകുന്നത്.

മാധ്യമ വാർത്തകൾ അടിസ്ഥാനമാക്കിയാണ് പലരെയും പ്രതിയാക്കിയത്, വധശ്രമം ചുമത്തേണ്ട കുറ്റമില്ല, ആർക്കും ഗുരുതര പരിക്കില്ല, ആയുധം ഉപയോഗിച്ചില്ല, തിരിച്ചറിയൽ പരേഡ് നടത്തിയില്ല അടക്കമാണ് പ്രതികളുടെ വാദം. കേസിന്‍റെ ഗുരുതരാവസ്ഥ കൂട്ടുന്നതിനാണ് വധശ്രമം ചുമത്തിയതെന്നും നിസാര പരിക്ക് മാത്രമേ ഡ്രൈവർക്ക് ഉണ്ടായിട്ടുള്ളൂവെന്നും ഹർജിക്കാർ പറയുന്നു.കേസിൽ ഇഡി എതിർ കക്ഷിയാണെങ്കിലും ഹൈക്കോടതിയിൽ പല കേസിലും ഇഡിയെ കക്ഷിയാക്കാതെയാണ് ഹർജി നൽകിയിട്ടുള്ളത്. നാളെ മുതൽ അടുത്ത മാസം 4 വരെ പല ദിവസങ്ങളിലായി ഹർജി ഹൈക്കോടതി പരിഗണിക്കും. കേസിൽ അസി. സോളിസിറ്റർ ജനറലിനെയടക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *