തിരുവനന്തപുരം : ഇൻ്റിവുഡ് ക്രിക്കറ്റ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച KCL-ന്റെ ആദ്യ സീസണിലെ വിജയികളും രണ്ടാം സീസണിലെ റണ്ണേഴ്സ് അപ്പുമായ ഏരീസ് കൊല്ലം സെയിലേഴ്സുമായി സഹകരിച്ച് , കുട്ടികൾക്കായി “വൈബ് – ഭവ് ഹണ്ട്” എന്ന പേരിൽ ട്രയൽസ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 2-ന് തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവ്യേഴ്സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ വിഭാഗങ്ങൾ ഉണ്ടായിരിക്കും.ഓരോ മത്സരാർത്ഥിക്കും ബൗളിംഗ് മെഷീൻ ഉപയോഗിച്ച് സിന്തറ്റിക് ക്രിക്കറ്റ് ബോളുകളിൽ ആറ് ഡെലിവറികൾ വീതം നേരിടേണ്ടിവരും.ആറ് പന്തുകളുള്ള ഓവറിൽ ആറും സിക്സുകൾ നേടുന്ന മത്സരാർത്ഥിയെ അതത് വിഭാഗത്തിൽ വിജയിയായി പ്രഖ്യാപിക്കുകയും അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്യും . ഏറ്റവും കുറഞ്ഞത് മൂന്ന് സിക്സ് എങ്കിലും അടിച്ചെങ്കിൽ മാത്രമേ യോഗ്യത നേടുകയുള്ളൂ.സമനില വന്നാൽ, സമനിലയിലായ മത്സരാർത്ഥികൾക്കിടയിൽ സൂപ്പർ ഓവർ നടത്തും.”
ഇതിനു ശേഷം ഇന്ത്യയിൽ ഉടനീളം ആറു മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കും . അതിനുശേഷം ഗ്രാൻഡ് ഫൈനൽ മത്സരം ബാംഗ്ലൂരിൽ നടക്കും. മറ്റ് സംസ്ഥാനങ്ങളിൽ മത്സരം നടക്കുന്നതിന്റെ തുടക്കം എന്ന നിലയിലാണ് കേരളത്തിൽ തിരുവനന്തപുരത്ത് മത്സരം സംഘടിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ “വൈബ് – ഭവ് ഹണ്ട്” സംഘടിപ്പിക്കുമ്പോൾ അതാത് സംസ്ഥാനങ്ങളിലെ ഫ്രാഞ്ചേഴ്സികളുമായി ചേർന്നായിരിക്കും മത്സരങ്ങൾ നടത്തുന്നത്.
2011 മാർച്ച് 28നും 2015 മാർച്ച് 28നും ഇടയിൽ ജനിച്ചവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത.
നിബന്ധനകൾ
• മത്സരാർത്ഥികൾ സ്വന്തം ക്രിക്കറ്റ് കിറ്റുമായി എത്തണം
• ക്രിക്കറ്റ് വൈറ്റ്സ് ധരിച്ചായിരിക്കണം മത്സരിക്കേണ്ടത്
• രജിസ്ട്രേഷൻ ഫീസ് 500 രൂപ
- പ്രായം തെളിയിക്കുന്നതിനായി ഒറിജിനൽ ആധാർ കാർഡും, ആധാർ കാർഡിന്റെ പകർപ്പും മത്സരത്തിന് എത്തുമ്പോൾ കയ്യിൽ കരുതേണ്ടതാണ്. 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് എന്നതാണ് വൈബ്-ഭവ് ഹണ്ടിന്റെ പ്രധാന ആകർഷണം. കേരളത്തിലെ യുവ പവർ ഹിറ്റർമാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും വലിയ നേട്ടം സ്വന്തമാക്കാനുമുള്ള മികച്ച അവസരം ആണ് ഇത് . മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ മത്സരാർത്ഥിക്കും അവരുടെ പങ്കാളിത്തം അംഗീകരിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റും നൽകും.
indywoodcricket.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
കഴിവും ആത്മവിശ്വാസവും ഉള്ള പ്രതിഭാധനരായ ഒരു പുതു തലമുറയെ വാർത്തെടുക്കാനും ഈ കായിക വിനോദത്തിന് കഴിയുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസുമായ സർ. സോഹൻ റോയ് പറഞ്ഞു.
” ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഉയർന്നുവരുന്ന പ്രതിഭകൾക്ക് ശക്തമായ ഒരു തുറമുഖമാകുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ക്രിക്കറ്റ് എന്നതിനെ കേവലം ഒരു കായിക വിനോദം എന്നതിലുപരി മികച്ച നേതൃഗുണമുള്ള ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി, പരിശീലിപ്പിച്ച്, അച്ചടക്കമുള്ള കളിക്കാരും ആത്മവിശ്വാസമുള്ള നേതാക്കളും ഉത്തരവാദിത്തമുള്ള പ്രൊഫഷണലുകളുമായി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ശോഭനമായ ഭാവിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് നടത്താനും യുവപ്രതിഭകൾക്ക് ഒരു വേദി നൽകാനുള്ള ശ്രമമാണ് വൈബ്-ഭവ് സിക്സസ് ചലഞ്ച്. ” സർ.സോഹൻ റോയ് അറിയിച്ചു.
