പരിസ്ഥിതി നിയമ ലംഘനം: യുഎഇയിൽ 31 സ്ഥാപനങ്ങൾ പൂട്ടി

ദുബൈ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന്​ യുഎഇ അധികൃതർ 31 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. 269 സ്ഥാപനങ്ങളിലാണ്​ പരിശോധന നടന്നത്​. ​ക്ലൈമറ്റ്​ ചേഞ്ച്​ ആന്റ്​ എൻവയൺ​മെന്‍റ്​ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ 202​6 ന്‍റെ ആദ്യ ആറ്​ മാസത്തിൽ 30 സംഘങ്ങളാണ്​ പരിശോധന നടത്തിയത്​. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കടകൾ, കന്നുകാലി-പക്ഷി ചന്തകൾ, നഴ്സറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ്​ പരിശോധന നടന്നത്​. 45 സ്ഥാപനങ്ങൾക്ക്​ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. പിഴവുകൾ തിരുത്താൻ നിർദേശിച്ചാണ്​ മുന്നറിയിപ്പ്​ നൽകിയത്​. 16 സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്​പെൻഡ്​ ചെയ്യുകയും ചെയ്തു. ഇവയുടെ നിയമലംഘനങ്ങൾ കണക്കിലെടുത്താണ്​ സസ്​പെൻഷൻ.

മൃഗക്ഷേമ നിയമങ്ങൾ, പാരിസ്ഥിതിക സുരക്ഷാ ചട്ടങ്ങൾ, വംശനാശഭീഷണി നേരിടുന്ന ജീവിവർ​ഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്നത്​ അടക്കം പരിശോധിച്ചിരുന്നു. നിയമപരമായ എല്ലാ നടപടികളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന്​ നിരീക്ഷിക്കുകയും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തു. ഈ സ്ഥാപനങ്ങൾക്ക്​ നിയമപരമായ നടപടികൾ പൂർത്തിയാക്കാൻ സമയവും അനുവദിച്ചിട്ടുണ്ട്​. മൃഗങ്ങളുടെയും പക്ഷികളുടെയും വ്യാപാരം അടക്കം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിക്കുന്നുണ്ട്​. നിയമലംഘനം നടത്തുന്ന അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയും നിയമലംഘനം സംബന്ധിച്ച റിപ്പോർട്ടുകൾ പുറപ്പെടുവിക്കുകയും ചെയ്യും. നിയമലംഘനം അധികൃതരെ അറിയിക്കാൻ ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *