കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തത്. മഹിളമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.
താൻ നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണിദാസ് രംഗത്തെത്തിയിരുന്നു. ‘’ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല പറഞ്ഞത്. കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെക്കുറിച്ചല്ല. ചിലപ്പോൾ ഞാൻ മലയാളം പറയുന്നത് ശരിയാകാത്തതാകും കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. എൻ്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ വളരെയധികം ക്ഷമ ചോദിക്കുന്നു. പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് ക്ഷമിക്കണം. അതിൽ കൂടുതൽ പറയാൻ ഒന്നുമില്ല. ഗൂഗിളിൽ പോയി സെർച്ച് ചെയ്തപ്പോൾ ഞാൻ പറഞ്ഞ കാര്യം തെറ്റാണെന്ന് മനസ്സിലായി. ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് ഞാൻ ചെക്ക് ചെയ്യണമായിരുന്നു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോ ഇടാൻ തീരുമാനിച്ചത്”, എന്നുമായിരുന്നു ജാൻമണിയുടെ ഖേദപ്രകടനം.
