സിജെപിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി ഇജെപി

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളില്‍ ഇ20 ജനതാ പാര്‍ട്ടിക്ക് പിന്തുണ ഏറുന്നു. നിതിന്‍ ഗഡ്കരിക്കെതിരായ വിമര്‍ശനങ്ങളാണ് ഇജെപി അഥവാ ഇ ട്വന്റി ജനതാ പാർട്ടി പ്രധാനമായും ഉന്നയിക്കുന്നത്. 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവും ഇജെപി ഉന്നയിക്കുന്നുണ്ട്. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ പല ടാക്‌സി അസോസിയേഷനുകളും ടൂറിസ്റ്റ് അസോസിയേഷനുകളും ആഗസ്റ്റ് നാലിന് വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജന്തര്‍ മന്തറിലാണ് പ്രതിഷേധം നടക്കുക.

ഇൻസ്റ്റഗ്രാമിൽ ഇതിനകം തന്നെ ഇജെപിക്ക് 5 ലക്ഷം ഫോളോവേഴ്‌സ് ആയി കഴി‍ഞ്ഞു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അഥവാ ഇ20 പെട്രോൾ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഇ20 പെട്രോളിനെതിരായ പ്രതിഷേധങ്ങളെ കുറിച്ചുള്ള വാർത്തകളുമാണ് ആദ്യഘട്ടത്തിൽ ഇജെപി പോസ്റ്റ് ചെയ്തത്. ‘ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി’തുടങ്ങിയ പോസ്റ്റുകൾ തൊട്ടുപിന്നാലെയെത്തി. എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്ത് അനിവാര്യമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ആണ് ഇജെപി ലക്ഷ്യമിടുന്നത്. ഇതൊരു രാഷ്ട്രീയ മുന്നേറ്റമല്ലെന്നും ഉപഭോക്തൃ അവകാശങ്ങൾക്കായുള്ള മുന്നേറ്റമാണെന്നും ഇജെപി വിശദീകരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *