കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിൽ അടുത്തവർഷം എം.ബി.ബി.എസ്. പ്രവേശനം; 100 സീറ്റുകൾ

തിരുവനന്തപുരം: കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളേജിൽ അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ്. സീറ്റുകളിൽ പ്രവേശനം അനുവദിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും ഇന്ത്യയിലെ ആദ്യ ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിനായി പദ്ധതി സമർപ്പിക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ട്രോമാകെയർ സെന്ററുകൾ, പെൺകുട്ടികൾക്കുള്ള എച്ച്.പി.വി. വാക്സിന് കേന്ദ്രസഹായം, സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യകേന്ദ്രങ്ങളുടെ നവീകരണം, സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള കൂടുതൽ സഹായം എന്നിവയും കേന്ദ്രം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എൻ.എച്ച്.എം. ഫണ്ട് വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രമന്ത്രി അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചതായും കേരളത്തിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *