വീണായിക്ക് മുന്നിലെ ചോദ്യങ്ങൾ

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു ലഭ്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ 172 ചോദ്യങ്ങൾക്കാണ് ഇ ഡി ടി.വീണയോട് ഉത്തരം തേടിയത്. ആദായനികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് എന്നിവരുടെ കണ്ടെത്തലുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 2 കമ്പനികളുമായി 2017–2021 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി ബിസിനസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെ പലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു. മനസ്സറിവില്ലെന്ന വീണയുടെ മറുപടി പിന്നെയാർക്കാണ് ഈ ഇടപാടിൽ ‘മനസറിവുള്ളതെന്നു’ കണ്ടെത്തേണ്ട ബാധ്യതയാണ് ഇപ്പോൾ ഇ.ഡിക്കുമേൽ വരുത്തിയിരിക്കുന്നത്. പണം നൽകിയ സിഎംആർഎൽ ഉടമകൾ, ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളും വീണയുടെ മൊഴികളും പരിശോധിക്കുന്ന ജോലികൾ ഇന്നലെത്തന്നെ ഇ.ഡി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *