ഫുട്ബോള്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ നല്കിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് സ്പാനിഷ് പ്രതിരോധ താരം മാക്ക് കുകുറെയ. സ്പെയിന് ദേശീയ ഫുട്ബോള്‍ ടീം പരിശീലകന് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ചിത്രം ശരീരത്തില്‍ ടാറ്റൂ ചെയ്താണ് കുകുറെയ താന്‍ നല്കിയ ഉറപ്പ് നിറവേറ്റിയത്. ലോകകപ്പ് ഫൈനലിന് തൊട്ടുമുമ്പ്, സ്പെയിന് കിരീടം ഉയര്‍ത്തുകയാണെങ്കില്‍ പരിശീലകന് ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ മുഖം ടാറ്റൂ ചെയ്യുമെന്ന് കുകുറെയ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ എക്സ്ട്രാ ടൈമില്‍ 1-0 ന് പരാജയപ്പെടുത്തി സ്പെയിന് ലോക ചാമ്പ്യന്മാരായതോടെയാണ് താരം ഈ ഉറപ്പ് പാലിച്ചത്. പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റായ ജോക്വിന്‍ ഗംഗയാണ് കുകുറെയയുടെ കൈയില്‍ ടാറ്റൂ വരച്ചുനല്‍കിയത്. 2026 ലോകകപ്പിന്റെ ലോഗോയ്ക്ക് മുന്നില്‍ ലോകകപ്പ് ട്രോഫി ഏന്തിനില്ക്കുന്ന ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ചിത്രമാണ് കുകുറെയ പതിപ്പിച്ചത്.
‘വാക്കുകള്‍ പാലിക്കാനുള്ളതാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം സോഷ്യല്‍ മീഡിയയിലൂടെ ടാറ്റൂവിന്റെ വീഡിയോ പങ്കുവെച്ചത്. ഫൈനലിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍, ‘തന്റെ കളിക്കാര്‍ വാക്ക് പാലിക്കുന്നവരാണെന്നും കുകുറെയ ടാറ്റൂ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ പരിശീലകന് ലൂയിസ് ഡി ലാ ഫ്യൂന്റെ തമാശരൂപേണ പറഞ്ഞിരുന്നു. ഈ ചരിത്ര വിജയത്തോടെ യൂറോ കപ്പിന് പിന്നാലെ ലോകകപ്പും സ്പെയിനിന് നേടിക്കൊടുക്കാന്‍ ഡി ലാ ലൂയിസ് ഡി ലാ ഫ്യൂന്റെയ്ക്ക് സാധിച്ചു.
