അനുമതിയില്ലാതെ പേരും ചിത്രവും ഉപയോ​ഗിക്കുന്നു; യുവരാജ് സിങ്ങിൻ്റെ പരാതിയിൽ ഇടപ്പെട്ട് ഹൈക്കോടതി

നുമതിയില്ലാതെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ പേരും ചിത്രവും ശബ്ദവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍. യുവരാജ് സിങ്ങിന്റെ വ്യക്തിത്വ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന മുഴുവന്‍ അനധികൃത ഉള്ളടക്കങ്ങളും ലിങ്കുകളും അടിയന്തരമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.താരത്തിന്റെ അനുമതിയില്ലാതെ പേരും ചിത്രങ്ങളും ഡിജിറ്റല്‍ രൂപങ്ങളും ഉപയോഗിച്ച് വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും വെബ്സൈറ്റുകളും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനെതിരെ യുവരാജ് സിങ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമന്‍ ചൗധരി അടങ്ങുന്ന സിംഗിള്‍ ബെഞ്ചിന്റെ പ്രാഥമിക ഉത്തരവ്.

യുവരാജ് സിങ്ങിന്റെ പേര്, ചിത്രം, ശബ്ദം, ഒപ്പ് എന്നിവ അദ്ദേഹത്തിന്റെ മുന്‍കൂട്ടിയുള്ള രേഖാമൂലമുള്ള അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കോ പരസ്യങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശനമായി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോ സന്ദേശങ്ങള്‍, ഡീപ്‌ഫേക്ക് ചിത്രങ്ങള്‍ എന്നിവയും നീക്കം ചെയ്യാന്‍ സെര്‍ച്ച് എഞ്ചിനുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിയമവിരുദ്ധ ലിങ്കുകള്‍, വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലെ ഉല്‍പ്പന്നങ്ങള്‍ എന്നിവ 72 മണിക്കൂറിനകം നീക്കം ചെയ്യാന്‍ ഗൂഗിള്‍, മെറ്റ, മറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ എന്നിവരോട് കോടതി ആവശ്യപ്പെട്ടു.

കായിക രംഗത്തുനിന്നും വിരമിച്ചെങ്കിലും ജനമനസ്സുകളില്‍ ഇന്നും വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ് യുവരാജ് സിങ്ങിന്റേതെന്നും, അദ്ദേഹത്തിന്റെ പ്രശസ്തിയും ജനപ്രീതിയും ചൂഷണം ചെയ്ത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പല വെബ്സൈറ്റുകളും പ്രവര്‍ത്തിക്കുന്നതെന്നും യുവരാജിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അനില്‍ കപൂര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ പ്രമുഖരും തങ്ങളുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കാനായി കോടതിയെ സമീപിക്കുകയും സമാനമായ സംരക്ഷണ ഉത്തരവുകള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു. കായിക ലോകത്തുനിന്ന് ഈ നിയമപരിരക്ഷ തേടുന്ന മുന്‍നിര താരങ്ങളില്‍ ഒരാളായി ഇതോടെ യുവരാജ് സിങ് മാറി.

Leave a Reply

Your email address will not be published. Required fields are marked *