ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ സിനിമ ‘നായകൻ’ റീ- റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.
പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനിൽ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.
റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘ഫ്രണ്ട്സ്’, ‘സമ്മർ ഇൻ ബത്ലഹേം’ എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
