മലപ്പുറം: മലപ്പുറം തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസുകാരന് മരിച്ചു. അബ്ദുല്‍ മുനീറിന്റെ മകന് അബ്ദുല്‍ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയില്‍ നിന്നും മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടി തോട്ടില്‍ വീണ് ഒഴുക്കില്‍ പെട്ടത് കണ്ടെങ്കിലും സ്ലാബുകള്‍ മൂടിയ തോടായതിനാല്‍ രക്ഷപ്പെടുത്താനായില്ല. ഫയര്‍ഫോഴ്സ് ജീവനക്കാരും നാട്ടുകാരും ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.
അതേസമയം വാകത്താനം ചക്കന്‍ ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരനും ജീവന് നഷ്ടമായിരുന്നു. വീടിന് സമീപം ജല്‍ ജീവന് മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി കുഴിയെടുത്തതില്‍ ഉണ്ടായ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. മലപ്പുറം കൊണ്ടോട്ടിയില്‍ നാല് വയസുകാരനും ഒഴുക്കില്‍ പെട്ട് മരിച്ചിരുന്നു. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
