കനത്ത മഴ; ഒറ്റ രാത്രികൊണ്ട് മലപ്പുറത്ത് മിന്നൽപ്രളയം

മലപ്പുറം: ഒരു രാത്രികൊണ്ട് മലപ്പുറം ജില്ലയിൽ മിന്നൽപ്രളയം. മണ്ണിടിച്ചിലിൽ വീടുകളും മതിലുകളും തകർന്നു. മണ്ണിടിഞ്ഞും വെള്ളം കയറിയും മലപ്പുറം –തിരൂർ റോഡ് അടക്കമുള്ള പ്രധാന പാതകളിൽ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. തീരദേശത്തു കടൽക്ഷോഭത്തിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു. ജില്ലയിൽ ആകെ 12 വീടുകളാണ് മണ്ണിടിച്ചിലിനെത്തുടർന്ന് ഭാഗികമായി തകർന്നത്. പോരൂർ, മമ്പാട്, നിലമ്പൂർ, ചേലൂപ്പാടം, പുളിക്കൽ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ താലൂക്കുകളാണ് കൂടുതൽ ദുരിതത്തിലായത്. ജില്ലയിലെ നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും എവിടെയും അപകടഭീഷണിയില്ല. വിവിധയിടങ്ങളിൽ തോടുകൾ കവിഞ്ഞൊഴുകിയതോടെ കൃഷിയിടങ്ങളും റോഡും പലയിടത്തും വെള്ളത്തിലായി. ജില്ലയിലെ വിവിധയിടങ്ങളിൽ പെയ്തത് അതിതീവ്ര മഴയാണ്. 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് 4 പ്രദേശങ്ങളിൽ മാത്രം രേഖപ്പെടുത്തിയത് .

മണ്ണിടിച്ചിലും പ്രളയവും കാരണം ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകളിലായി 13 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. മഞ്ചേരി വലിയട്ടിപ്പറമ്പ് അങ്കണവാടി, എടവണ്ണ ചെറുമണ്ണ് അങ്കണവാടി, പാണക്കാട് മഅ്ദിനുൽ ഉലൂം മദ്രസ, നെടിയിരുപ്പ് ജിഡബ്ല്യു യുപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ പ്രവർത്തിക്കുന്നത്. ആകെ 59 പേരാണ് ക്യാംപുകളിലുള്ളത്. മലപ്പുറം കോട്ടക്കുന്നിന്റെ ചെരുവിൽ താമസിക്കുന്ന 14 കുടുംബങ്ങളോട് മാറിത്താമസിക്കാൻ റവന്യുവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ടൗൺഹാളിൽ ദുരിതാശ്വാസ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഡോ.വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കു ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *