ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശം ഉറപ്പാക്കുന്ന കാര്യം കാര്യക്ഷമമായി പരിശോധിക്കാൻ ഉന്നതാധികാര സമിതിയോട് സുപ്രീംകോടതി. ഭിന്നശേഷിക്കാരായ തടവുകാരെ സംബന്ധിച്ച നിലവിലെ നിയമചട്ടക്കൂടുകൾ സമിതി വിലയിരുത്തണം. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത ചട്ടക്കൂടുണ്ടാക്കാനും ഇത് സഹായിക്കും. ഉന്നതാധികാര സമിതി നാലുമാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജയിലുകളിൽ ഭിന്നശേഷിക്കാരായ തടവുകാർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്ന കാര്യത്തിൽ നേരത്തേ എൽ. മുരുകനാഥൻ കേസിൽ സുപ്രീംകോടതി മാർഗരേഖയിറക്കിയിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. കാളീശ്വരം രാജ് വഴി സാമൂഹികപ്രവർത്തകനായ സത്യൻ നരവൂർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെട്ടത്. സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പാലിച്ച് 12 സംസ്ഥാനങ്ങളാണ് റിപ്പോർട്ട് നൽകിയത്. ഇതുസംബന്ധിച്ച വിഷയം ഉചിതമായും കാര്യക്ഷമമായും പരിശോധിക്കാനാണ് സുപ്രീംകോടതി ഫെബ്രുവരി 26-ന് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്. സമിതിക്കുമുന്നിലുള്ള നടപടികളിൽ കേന്ദ്ര ഭിന്നശേഷി ശാക്തീകരണവകുപ്പ് സെക്രട്ടറിയും സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കണം. ഉത്തരവുകൾ പാലിച്ചുകൊണ്ട് ആറാഴ്ചയ്ക്കകം സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
