ലക്ഷദ്വീപിലെ പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ കേന്ദ്രത്തിന് തിരിച്ചടി

കൊച്ചി: ലക്ഷദ്വീപിലെ പണ്ടാര ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും കനത്ത തിരിച്ചടി. പണ്ടാരഭൂമി ഏറ്റെടുക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പണ്ടാരഭൂമിയുടെ സര്‍വ്വേയും ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തടഞ്ഞു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ടൂറിസം ആവശ്യങ്ങള്‍ക്കും മറ്റ് നിര്‍മ്മാണങ്ങള്‍ക്കുമായി തദ്ദേശവാസികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമി ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

ദ്വീപ് നിവാസികളുടെ അനുമതിയില്ലാതെ ലക്ഷദ്വീപ് ഭരണകൂടം നടത്തുന്ന ഭൂമി സര്‍വ്വേയും ടൂറിസം ആവശ്യങ്ങള്‍ക്കായുള്ള ഭൂമിയുടെ പുനര്‍ വര്‍ഗ്ഗീകരണവും നിയമ വിരുദ്ധമാണ് എന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. പണ്ടാര ഭൂമി കൈവശം വെച്ചിരിക്കുന്ന ദ്വീപ് നിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ തന്നെ തടഞ്ഞിരുന്നു. പണ്ടാരഭൂമി ഏറ്റെടുക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് കഴിയില്ലെന്ന ഹൈക്കോടതിയുടെ വിധി ഭൂരിപക്ഷം ദ്വീപ് നിവാസികള്‍ക്കും ആശ്വാസമാണ്. ലക്ഷദ്വീപിലെ 70 ശതമാനം വരെ ഭൂമിയും പണ്ടാരഭൂമിയാണ്. പതിനാറാം നൂറ്റാണ്ടില്‍ അറയ്ക്കല്‍ രാജവംശത്തിന്റെ കാലത്ത് ഉപയോഗ ശൂന്യമായി കിടന്ന ഭൂമിയെ ആണ് പണ്ടാരഭൂമി ആയി പ്രഖ്യാപിച്ചത്.

ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമി തദ്ദേശീയ വാസികള്‍ക്ക് കൃഷിക്കായി ദീര്‍ഘകാല പാട്ടത്തിന് വിട്ടുനല്‍കി. തലമുറകളായി കൈവശം വയ്ക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമിയില്‍ പരമ്പരാഗത ഉടമസ്ഥാവകാശമുണ്ട് എന്ന ദ്വീപ് നിവാസികളുടെ വാദം ഹൈക്കോടതി ശരിവെച്ചു.ബ്രിട്ടീഷ് കരാറുകളും ലക്ഷദ്വീപ് ലാന്‍ഡ് റവന്യൂ നിയമവും സ്ഥിരമായ കൈവശാവകാശം ഉറപ്പുനല്‍കുന്നുണ്ടെന്ന ഹര്‍ജിക്കാരുടെ വാദവും ഹൈക്കോടതി അംഗീകരിച്ചു. പണ്ടാരഭൂമിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ഭരണകൂടത്തിനാണ് എന്നും തദ്ദേശവാസികള്‍ പാട്ടക്കാര്‍ മാത്രമാണ് എന്ന ലക്ഷദ്വീപ് ഭരണകൂടം ഉയര്‍ത്തിയ വാദം സിംഗിള്‍ ബെഞ്ച് തള്ളി. ടൂറിസം വികസനത്തിനായി ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയതാണ് ഹൈക്കോടതിയിലെ നിയമ തര്‍ക്കത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *