തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷം

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ഓർമ്മയായിട്ട് എട്ട് വർഷങ്ങൾ പിന്നിടുന്നു. കരുണാനിധിയും രാഷ്ട്രീയവേട്ടകളും അറസ്റ്റുമെല്ലാം വീണ്ടും സജീവ ചർച്ചയാകുമ്പോഴാണ് അദ്ദേഹത്തിന്റെ ഓർമ്മദിനവും എത്തുന്നത്. ‘എൻ ഉയിരിനും മേലാന അൻപ് ഉടൻപിറപ്പുകളെ…,’ ഗാംഭീര്യ ശബ്ദത്തോടെ ഈ വാചകം ചെവിയിൽ വന്ന് വീഴുമ്പോൾ ജനങ്ങൾക്കുള്ളിൽ തമിഴ് വികാരം തിളച്ചിരുന്നു. ഉട‌ൽ മണ്ണുക്കും ഉയിർ തമിഴുക്കുമെന്ന് പറഞ്ഞ് പഠിപ്പിച്ച വ്യക്തി.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ വേദന എന്താണെന്ന് ഒരിക്കൽ പോലും അറിയാത്ത നേതാവ് ആയിരുന്നു കലൈ‌ഞ്ജർ മുത്തുവേൽ കരുണാനിധി. മൂർച്ചയുള്ള വാക്കായിരുന്നു അദ്ദേഹത്തിൻ്റെ ആയുധവും പരിചയും. നിരക്ഷരരായ തമിഴ് മക്കളിലേക്ക് പാർട്ടിയെയും ആശയങ്ങളെയും എത്തിക്കാൻ സിനിമയെ ഉപകരണമാക്കി. കരുണാനിധിയുടെ തിരക്കഥകളിൽ എംജിആറും ശിവാജി ഗണേശനും താര രാജാക്കന്‍മാരായപ്പോള്‍ അവർക്കൊപ്പം തന്റേ പേരും പേന കൊണ്ട് ജനമനസിൽ എഴുതിയിട്ടു കരുണാനിധി. ഉറ്റ സുഹൃത്തായിരുന്ന എംജിആർ രാഷ്ട്രീയ എതിരാളിയായി വെല്ലുവിളിച്ച കാലത്തും കരുണാനിധി പോരടിച്ച് നിന്നു. പതിനാലാം വയസ്സിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

1957ൽ തിരുച്ചിറപ്പള്ളിയിലെ കുഴിത്തല മണ്ഡലത്തിൽ നിന്ന് ആദ്യമായി ജയിച്ചുകയറുമ്പോള്‍ പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ ജയലളിത അന്ന് നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അഞ്ചുതവണ തമിഴ്നാട് മുഖ്യമന്ത്രിയായി. അറുപതിലധികം തിരക്കഥകൾ, ചലച്ചിത്ര ഗാനങ്ങള്‍, ജീവചരിത്രങ്ങൾ, നോവലുകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ അടക്കം ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *