കൊല്ലം: കൊല്ലം ആര്യങ്കാവ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണമേറ്റത്. രാത്രി ഉറങ്ങുന്നതിനിടയിലായിരുന്നു സംഭവം. വളർത്തു നായയെ പിടിക്കാൻ പുലി പിന്തുടർന്നപ്പോൾ രക്ഷയ്ക്കായി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി. നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മക്ക് നിസ്സാരമായി പരിക്കേറ്റിരുന്നു. വീട്ടമ്മയ്ക്ക് പേവിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചികിത്സ തേടുകയോ വാക്‌സീനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല.
തുടർന്ന് ഈ മാസം രണ്ടിന് പനിയും വിറയലും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും വീട്ടമ്മ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാതെ ഓട്ടോയിൽ ആര്യങ്കാവിലെ വീട്ടിലേക്ക് പോയി. താലൂക്ക് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. ഇതോടെ തെന്മല പോലീസ് ഓട്ടോറിക്ഷ വഴിയിൽ തടഞ്ഞ് ആംബുലൻസിൽ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പേവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മെഡിക്കൽ കോളേജിന്റെ അറിയിപ്പ് കൊല്ലം ജില്ല മെഡിക്കൽ ഓഫീസർ മുഖേന പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് കൈമാറി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
