‘മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു’; വീണാ ജോര്‍ജ്

പത്തനംതിട്ട: ആറന്മുളയിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് വീണാ ജോര്‍ജ് പറഞ്ഞത്.

സ്ഥാനാര്‍ത്ഥി മോശമായിരുന്നു എന്നതുള്‍പ്പെടെയുളള വ്യക്തിപരമായ വിമര്‍ശനങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ മറ്റാരും ഇല്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു. 2016-ല്‍ എ പത്മകുമാര്‍ വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും ഇത്തവണയും വീണാ ജോര്‍ജിനെ പരാജയപ്പെടുത്താന്‍ ശ്രമം നടന്നെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

‘മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ അറിയിച്ചിരുന്നു. എന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ മറ്റാരുമില്ല എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കി.

എന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂര്‍ ശങ്കരന്‍ സ്വയം ഒഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് താല്‍പ്പര്യം ഇല്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി. നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയ ശേഷമാണ് ഇത്തരം വിമര്‍ശനങ്ങള്‍. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കും’ എന്നാണ് വീണാ ജോര്‍ജ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *