കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിൽ ഒന്നായ വൈറ്റില ജങ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വമ്പൻ പദ്ധതി വരുന്നൂ. വൈറ്റില ജങ്ഷനിലെ കുരുക്കഴിക്കാൻ ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പിഡബ്ല്യുഡിക്ക് അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദേശം നൽകിയത്.
അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കണമെന്നും നിലവിലെ തടസ്സങ്ങൾ നീക്കി പുതിയ റോഡ് ലൈൻ ചെയ്യുന്ന പദ്ധതി ജൂലൈ 30നകം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ കർശന നിർദേശം നൽകി.
