ലണ്ടൻ: ലണ്ടനിലെ ആഢംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ വർഷം നവംബർ 25 നാണ് വെസ്റ്റ് ലണ്ടനിലെ കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിൽ പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലവി അൽ സൗദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് അസിസ്റ്റന്റ് കൊറോണർ ജീൻ ഹാർക്കിൻ വ്യക്തമാക്കി.
നവംബർ 19 നാണ് ഒരാഴ്ചത്തെ താമസത്തിനായി രാജകുമാരൻ ഹോട്ടലിൽ മുറിയെടുത്തത്. മരണപ്പെടുന്നതിന് തൊട്ട് മുമ്പത്തെ ദിവസം വൈകുന്നേരം സിഗരറ്റ് വലിക്കാനായി പുറത്തേക്ക് ഇറങ്ങുന്നതാണ് സിസിടിവിയിലെ അദ്ദേഹത്തിന്റെ അവസാന ദൃശ്യം. മദ്യം, പാർട്ടി ഡ്രഗ് എന്ന് വിളിക്കപ്പെടുന്ന ഗാമ-ഹൈഡ്രോക്സിബ്യൂട്ടൈറേറ്റ് (ജി.എച്ച.ബി), സനാക്സ് തുടങ്ങിയ ലഹരി വസ്തുക്കളുടെ സാന്നിധ്യമാണ് 29 കാരന്റെ മരണത്തിന് ഇടയാക്കിയതെന്ന് വെസ്റ്റ് ലണ്ടനിലെ കൊറോണേഴ്സ് കോടതിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി ‘ദി ഇൻഡിപെൻഡന്റ്’ റിപ്പോർട്ട് ചെയ്യുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം, രാജകുമാരന്റെ രക്തത്തിലെ ആൽക്കഹോളിന്റെ അളവ് നിയമപരമായ പരിധിയുടെ മൂന്നിരട്ടിയോളം അധികമായിരുന്നു. ഇതിനുപുറമെ ജി.എച്ച്.ബി, കഞ്ചാവ്, സനാക്സ്, മറ്റ് വിഷാദരോഗ മരുന്നുകൾ എന്നിവയുടെ സാന്നിധ്യവും രക്തപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
