മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്; വെളിപ്പെടുത്തലുമായി പ്രതികളായ യുവതികൾ

ദുബായ്: കൊച്ചിയിൽ നിന്നും മോഡലിങ്ങിന്റെയും ഫാഷൻ ഷോകളുടെയും മറവിൽ ദുബായിലേക്ക് പെൺകുട്ടികളെ കടത്തിയ കേസിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ പ്രതിപ്പട്ടികയിൽപ്പെട്ട 2 യുവതികൾ തങ്ങൾക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യക്തിവൈരാഗ്യം കാരണം യുവതികൾ വ്യാജ പരാതികൾ നൽകുകയായിരുന്നുവെന്നും വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരിക്കുകയാണ്. കേസിലെ രണ്ടാം പ്രതിയും അഞ്ചാം പ്രതിയുമായ മലയാളി യുവതികളാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.

പരാതി നൽകിയ മൂന്ന് പേരെയും ഞങ്ങൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തെന്നും ലഹരിമരുന്ന് നൽകി നഗ്നരാക്കി ഫോട്ടോയും വീഡിയോയും എടുക്കുകയും പലർക്കും അയച്ചുകൊടുക്കുകയും അത് കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു എന്നാണ് യുവതികൾ നാട്ടിൽ പൊലീസിന് പരാതി നൽകിയിരിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ എന്തുകൊണ്ട് അവർ ദുബായ് പൊലീസിൽ പരാതി നൽകിയില്ലെന്നാണ് പ്രതികളായ യുവതികൾ ചോദിക്കുന്നത്. എല്ലായിടത്തും സിസിടിവി ഉള്ളതിനാൽ ഇത്തരം പീഡനത്തിന്റെയും മറ്റും എന്തെങ്കിലും തെളിവ് കിട്ടാതിരിക്കില്ലല്ലോ. മാത്രമല്ല, ഇവിടെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിൽ ഞങ്ങളുടെ കൈവശമുള്ള തെളിവുകൾ മുഴുവൻ ഹാജരാക്കാൻ കഴിയുമായിരുന്നുവെന്നും അവർ പറഞ്ഞു.

ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ കടുത്ത മാനസിക സംഘർഷമാണ് ഞങ്ങൾ അനുഭവിക്കുന്നത്. കുടുംബത്തെയും ബന്ധുക്കളെയും എന്തു പറഞ്ഞാണ് മനസിലാക്കേണ്ടത് എന്നറിയില്ല. ജോലിയോ കൂലിയോ ഇല്ലാത്തതിനാൽ തന്നെ പണം അയച്ചു കൊടുക്കാൻ പോലും കഴിയുന്നില്ല. നാട്ടിൽ കുടുംബങ്ങൾ പട്ടിണിയിലാണ്. പൊലീസും ചില സമൂഹ മാധ്യമങ്ങളും ഞങ്ങളുടെ ഭാഗം അന്വേഷിക്കാതെയും കാര്യമെന്തെന്ന് മനസിലാക്കാതെയും ഞങ്ങളെ അപമാനിക്കുകയാണ്. കേസിൽ കൃത്യമായ അന്വേഷണം നടത്താതെ ഇനി നാട്ടിലേയ്ക്ക് പോകില്ലെന്നും യുവതികൾ പറഞ്ഞു. ഇവിടെ ഓരോ നിമിഷവും തീ തിന്നുകൊണ്ട് കഴിയുന്ന ഞങ്ങൾക്ക് ഭക്ഷണത്തിനും താമസത്തിനും വഴിയില്ല. അതിനിടയിൽ ഞങ്ങൾക്കായി കേരള പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത് ആശങ്കാകരമാണെന്നും യുവതികൾ പറഞ്ഞു. നാട്ടിലെത്തിയാൽ തങ്ങൾ അറസ്റ്റിലാകുമെന്നുള്ള ഭയവും യുവതികൾ ചോദിച്ചു.∙

ഫെബ്രുവരിയിലായിരുന്നു ഫാഷൻ ഷോയിലോ മോഡലിങ്ങിലോ മറ്റെന്തെങ്കിലും ജോലി ചെയ്തോ ഉപജീവനമാർഗം കണ്ടെത്താൻ ഇരുവരുമടക്കം എട്ട് യുവതികൾ കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് വിമാനം കയറുന്നത്. ബിലാൽ എന്നയാളാണ് ഇവരെ യുഎഇയിലേയ്ക്ക് കൊണ്ടുവന്നത്. കേസിലെ മറ്റുപ്രതികളായ മഞ്ജിമ, ഫസീല, ബിലാൽ, ഷംന എന്നിവരും കൂടെയുണ്ടായിരുന്നു. ഫസീലയാണ് ഞങ്ങൾക്ക് ബിലാലിനെ പരിചയപ്പെടുത്തിയത്. വിമാനത്താവളത്തിലാണ് ബാക്കിയെല്ലാവരെയും ആദ്യമായി കാണുന്നത്. രണ്ടാം പ്രതിയായ യുവതി നേരത്തെ സിനിമയിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഇതിനിടയ്ക്കായിരുന്നു വിദേശത്ത് അവസരം ലഭിച്ചത്. ഇവിടെയെത്തിയതിന് ശേഷം പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ ഉടലെടുത്തതിനാൽ ഒരു മാസത്തോളം മുറിയിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വന്നു. പിന്നീട് പർദ സ്ഥാപനമടക്കം മറ്റു ചില കമ്പനികൾക്ക് വേണ്ടി ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തു. എല്ലാവരും ബർ ദുബായിലെ ഫ്ലാറ്റുകളിലായിരുന്നു താമസം. ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന മലയാളിയായ സിന്ധുവിന് വേണ്ടിയായിരുന്നു പ്രവർത്തിച്ചത്.

അതേസമയം അറിയാത്തതും കാണാത്തതുമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നാണ് ഒന്നാം പ്രതി സിന്ധുവിന്റെ ബന്ധുവും ദുബായിലെ പ്രമുഖ ഹോട്ടലിൽ നടന്ന ഫാഷൻ ഷോയുടെ സംവിധായകനുമായ യുവാവ് പറഞ്ഞത്. ആരുടെയോ പ്രേരണയാൽ വളരെ ആസൂത്രിതമായാണ് കേരളത്തിൽ പൊലീസ് പ്രവർത്തിക്കുന്നത്. പരാതിക്കാർ ഇവിടെ കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക തിരിമറി സിന്ധു ചോദ്യം ചെയ്തതാണ് ശത്രുതയ്ക്ക് കാരണം. പരാതിക്കാരിലൊരാൾ ഷാർജയിൽ ഒളിച്ച് താമസിക്കുന്നുണ്ട്. എട്ട് മാസം മുൻപാണ് കമ്പനി തുടങ്ങിയതെന്ന് കമ്പനിയുടമയും സിന്ധുവിന്റെ മകളുമായ യുവതി പറഞ്ഞു.

രണ്ടും മൂന്നും പ്രതികളെന്ന് പറയുന്ന രണ്ട് പ്രതികളും ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെയുണ്ട്. എന്തെങ്കിലും പീഡനങ്ങൾ നടന്നിരുന്നെങ്കിൽ അവരൊക്കെ ഇപ്പോഴും കൂടെ തന്നെ നിൽക്കുമോ?. ഏതായാലും ഈ സംഭവത്തോടെ കമ്പനി ആകെ തകർന്നു. ജീവിതോപാധി നഷ്ടപ്പെട്ട് പ്രതിസന്ധിയിലാണ്. ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. ദുബായിൽ പൊലീസ് അന്വേഷിച്ചാൽ മാത്രമേ ഈ കേസിന്റെ സത്യം പുറത്തുവരികയുള്ളൂവെന്നും പറഞ്ഞു.∙ വഴിയാധാരമായത് തന്നെ പോലുള്ളവർ കൊച്ചിയിലെ കേസ് വ്യാജ പരാതിയിന്മേലുണ്ടായതാണെന്ന് ഫാഷൻ ഷോയിൽ പങ്കെടുത്ത മറ്റൊരു മലയാളി യുവതി പറഞ്ഞു.

മനുഷ്യക്കടത്ത് എന്ന് പറഞ്ഞാണ് നാട്ടിൽ പൊലീസ് കേസെടുത്തതും അന്വേഷിക്കുന്നതും. കേസിലെ ഒന്നാം പ്രതി സിന്ധുവിനെ മുംബൈയിൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരുൾപ്പെടെ മൂന്ന് സ്ത്രീകളെയാണ് കേസിൽ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ സമൂഹ മാധ്യമ സന്ദേശങ്ങളും ചിത്രങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. ഇരകളാക്കപ്പെടുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വിദേശത്തുള്ള വൻകിട ഇടപാടുകാർക്ക് അയച്ചുകൊടുത്ത് ലക്ഷങ്ങൾ വിലപേശിയതിന്റെ ഡിജിറ്റൽ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. കേസിന്റെ രാജ്യാന്തര വ്യാപ്തി കണക്കിലെടുത്ത് കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *