ഇന്ത്യയിലെ യുഎസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കൊച്ചി: ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളവും അമേരിക്കയും തമ്മിൽ പരസ്പര താൽപര്യമുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ചയായി.

കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ ‘സിസ്റ്റർ സിറ്റീസ്’ പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.വിഴിഞ്ഞം തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട സമുദ്ര ലോജിസ്റ്റിക്സ്, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിങ് തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് ഒപ്പം വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു.

അമേരിക്കൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ അതേ ഹോട്ടലിൽ ട്രംപിൻ്റെ മരുമകൻ മൈക്കിൾ ബൂലോസും ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി മൈക്കിൾ ബൂലോസുമായി കൂടിക്കാഴ്ച നടത്തിയോ എന്നതിൽ വ്യക്തത ഇല്ല. അതേസമയം ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിലെത്തി. സ്വകാര്യ സന്ദർശനത്തിനായാണ് ഇദ്ദേഹം ആലപ്പുഴയിലെത്തിയത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *