അവഞ്ചേഴ്‌സിനെ മറികടന്ന് കളക്ഷനിൽ ഒന്നാമതെത്തി സ്പൈഡർമാൻ

ലോകമെമ്പാടും മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന് ആരാധകരുണ്ട്. മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രവിജയവുമായി ഒന്നാമത് എത്തിയിരിക്കുകയാണ് ഒരു മാർവെൽ ചിത്രം. മാർവെൽ ചിത്രം സ്‌പൈഡർമാനാണ് മറ്റൊരു മാർവെൽ സിനിമയെ പരാജയപ്പെടുത്തി മുന്നിലെത്തിയിരിക്കുന്നത്.

11 ദിവസം കൊണ്ട് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 480 കോടിയാണ് സ്‌പൈഡർമാൻ നേടിയിരിക്കുന്നത്. ഇതോടെ ഇത്രയും നാൾ അവഞ്ചേഴ്‌സ് എൻഡ് ഗെയിം കയ്യടക്കി വെച്ചിരുന്ന ഒന്നാം സ്ഥാനം സ്‌പൈഡർമാൻ സ്വന്തമാക്കി. 465 കോടി ആയിരുന്നു എൻഡ് ഗെയ്മിൻ്റെ നേട്ടം. നേരത്തെ പുറത്തിറങ്ങി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നോളൻ ചിത്രം ഒഡീസിയുടെ കളക്ഷനെ സ്‌പൈഡർമാൻ മറികടന്നിരുന്നു. സ്പൈഡർമാന്റെ 73 കോടി ഓപണിംഗ് ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടിയ എക്കാലത്തെയും വലിയ ഓപണിംഗ് ആയിരുന്നു.

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡും സ്‌പൈഡര്‍മാന്‍ ചിത്രം പിന്നിലാക്കിയിട്ടുണ്ട്. 67.19 കോടി ആദ്യ ദിവസം നേടിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ധുരന്ധര്‍, തുടങ്ങിയ വമ്പന്‍ സിനിമകളെയാണ് സ്‌പൈഡര്‍മാന്‍ പിന്നിലാക്കിയത്. 2021ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാൻഡ് ന്യൂ ഡേ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *