സിനിമാ ചിത്രീകരണത്തിനിടെ മൂക്കുത്തി വിഴുങ്ങി നടി ഷെഹ്നാസ് ഗിൽ. അരവിന്ദ് ഖൈര സംവിധാനം ചെയ്യുന്ന ‘ഇഷ്ഖ്നാമ’ എന്ന പഞ്ചാബി ചിത്രത്തിന്റെ സെറ്റിലാണ് അപകടം ഉണ്ടായത്. ഷൂട്ടിംഗ് സെറ്റിലൂടെ ഓടുന്നതിനിടയിലാണ് മൂക്കുത്തി അബദ്ധത്തിൽ ഷെഹ്നാസിന്റെ വായിലേക്ക് വീഴുന്നത്. തുടർന്ന് താരം അത് വിഴുങ്ങിയതായി തോന്നുകയും കഠിനമായി ചുമയ്ക്കാൻ തുടങ്ങുകയും ചെയ്തു. ഈ സമയത്ത് ഒപ്പമുണ്ടായിരുന്ന സഹനടൻ സൗരഭ് സച്ച്ദേവ ഷെഹ്നാസിന്റെ പുറത്തുതട്ടി സഹായിക്കുന്നത് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ബിഹൈൻഡ് ദി സീൻ വീഡിയോയിൽ കാണാം.
നിരവധി ആരാധകർ ഈ ‘മൂക്കുത്തി സംഭവത്തിന്റെ’ വീഡിയോ പോസ്റ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷെഹ്നാസിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. അരവിന്ദ് ഖൈറ സംവിധാനം ചെയ്യുന്ന ഈ പഞ്ചാബി റൊമാന്റിക് പീരിയഡ് ഡ്രാമ ചിത്രമാണ് ഇഷ്ഖ്നാമ. ഇന്ത്യൻ പഞ്ചാബിൽ നിന്നുള്ള ഒരു യുവ സിഖ് വിദ്യാർത്ഥിയും കവിയുമായ നിമ്മ, പാകിസ്താൻ പഞ്ചാബിൽ നിന്നുള്ള നസീമ എന്ന മുസ്ലീം പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന കഥയാണ് പറയുന്നത്.
ഷെഹ്നാസ് ഗിൽ, ജയ് രൺധാവ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സൗരഭ് സച്ച്ദേവ, അഞ്ജും ബത്ര, മഹൻബീർ ഭുള്ളർ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ വർഷം സെപ്റ്റംബർ 11-ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന സിംഗ് വേഴ്സസ് കൗർ 2 എന്ന ചിത്രത്തിലും ഷെഹ്നാസ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
